ലണ്ടൻ: യുകെയിലെ മലയാളി പ്രവാസി സമൂഹത്തിന് അന്താരാഷ്ട്ര തലത്തിൽ അഭിമാനിക്കാൻ വീണ്ടുമൊരു സുവർണ നേട്ടം. ബ്രിട്ടീഷ് രാജഭരണത്തിന്റെ (Royal Charter) പ്രത്യേക അംഗീകാരമുള്ളതും ഇരുനൂറിലധികം വർഷത്തെ അക്കാദമിക് പാരമ്പര്യവുമുള്ളതുമായ യുകെയിലെ പ്രശസ്തമായ റോയൽ ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി മലയാളി യുവാവ് അഡ്വ. റൊസാരിയോ ടോം തെരഞ്ഞെടുക്കപ്പെട്ടു.
ഈ സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വംശജനായ വിദ്യാർഥി ഈ സുപ്രധാന പദവിയിലെത്തുന്നത്. നേരത്തെ ഇതേ സർവകലാശാലയിൽ നിന്നും എംബിഎ പരീക്ഷയിൽ ഒന്നാം റാങ്കോടെ ഉന്നത വിജയം കൈവരിച്ച റൊസാരിയോ, യൂണിവേഴ്സിറ്റിയുടെ ഉയർന്ന ഭരണസമിതിയായ ട്രസ്റ്റി ബോർഡ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഈ ഇരട്ട നേട്ടങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ യൂണിവേഴ്സിറ്റിയുടെ വിദ്യാർഥി യൂണിയൻ തലപ്പത്തേക്കും ഈ മലയാളി യുവാവ് ചരിത്ര വിജയം നേടി എത്തിയിരിക്കുന്നത്.
കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തിൽ നിന്ന് യുകെയിലെ സാരഥ്യത്തിലേക്ക്
തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജിൽ നിന്നും നിയമബിരുദം നേടിയ റൊസാരിയോ ടോം, കേരളത്തിൽ പഠിക്കുന്ന കാലത്ത് കെഎസ്യുവിന്റെ സജീവ ഭാരവാഹിയായിരുന്നു. കാമ്പസ് രാഷ്ട്രീയത്തിലൂടെ ആർജ്ജിച്ചെടുത്ത നേതൃപാടവവും സംഘാടക മികവുമാണ് യുകെയിലെ പ്രശസ്തമായ ഒരു സർവകലാശാലയുടെ പരമോന്നത വിദ്യാർഥി പദവിയിലേക്ക് മത്സരിക്കാനും വൻ ഭൂരിപക്ഷത്തോടെ വിജയിക്കാനും റൊസാരിയോയ്ക്ക് കരുത്തായത്.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും സാമൂഹിക പ്രവർത്തകരുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് റൊസാരിയോ. വിദ്യാർഥികളിൽ കൃത്യമായ രാഷ്ട്രീയ ബോധവും വ്യക്തിത്വവും വളർത്തിയെടുക്കുന്നതിൽ കേരളത്തിലെ ജനാധിപത്യ വിദ്യാർഥി പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്കിന്റെ ഉത്തമ ഉദാഹരണമാണ് റൊസാരിയോയുടെ ഈ ആഗോള നേട്ടമെന്ന് അദ്ദേഹത്തിന്റെ മുൻകാല രാഷ്ട്രീയ സഹപ്രവർത്തകർ കുറിച്ചു.
വിദേശ മണ്ണിൽ മലയാളിയുടെ ഭരണശേഷി
യൂണിവേഴ്സിറ്റിയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കാമ്പസ് വികസനത്തിനും ഇനി റൊസാരിയോ ടോമിന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും നേതൃത്വം നൽകുക.
യുവാക്കൾ രാഷ്ട്രീയമായി സ്വതന്ത്രരായിരിക്കണമെന്നും, അറിവും യോഗ്യതയുമുള്ള മനുഷ്യരായി സമൂഹത്തിന് മുതൽക്കൂട്ടാകാൻ അവരെ വഴിനടത്തുന്നതാണ് യഥാർഥ വിദ്യാർഥി രാഷ്ട്രീയമെന്നും തെളിയിക്കുന്നതാണ് റൊസാരിയോയുടെ ഈ വിജയമെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ വ്യക്തമാക്കുന്നു.
യുകെയിലെ പ്രവാസി മലയാളി സംഘടനകളും വിവിധ വിദ്യാർഥി കൂട്ടായ്മകളും അഡ്വ. റൊസാരിയോ ടോമിന് പ്രശംസകളും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശ മണ്ണിൽ മലയാളിയുടെ ഭരണശേഷിയും നേതൃപാടവവും ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ട ഈ നിമിഷം അന്താരാഷ്ട്ര തലത്തിൽ മലയാളി സമൂഹത്തിന്റെ അഭിമാനം ഉയർത്തുന്ന ഒന്നാണ്.